മുക്കം: മലയോര മേഖലയിലെ നൂറ് കണക്കിന് കുടുംബങ്ങൾക്ക് ആശ്രയമായ കാരശേരി പഞ്ചായത്തിലെ ഗ്യാസ് ശ്മശാനത്തിന്റെ നവീകരണ പ്രവൃത്തി പൂർത്തിയാക്കി നാടിന് സമർപ്പിച്ചു.
7.5 ലക്ഷം രൂപ ചെലവഴിച്ച് ശ്മശാനം ഉപയോഗപ്രദമാക്കുന്നതിന് അടിയന്തര പ്രാധാന്യത്തോടെയാണ് പഞ്ചായത്ത് നവീകരണ പ്രവൃത്തി പൂർത്തീകരിച്ചത്. ഒരു മൃതദേഹം ദഹിപ്പിക്കുന്നതിന് കാരശേരി പഞ്ചായത്ത് നിവാസികൾക്ക് 2500 രൂപയും മറ്റ് തദ്ദേശ സ്ഥാപനങ്ങളിലുള്ളവർക്ക് 4,000 രൂപയുമാണ് ചാർജ് ഈടാക്കുന്നത്.
മൃതദേഹവുമായി എത്തുന്നവർ മരിച്ച ആളുടെ ആധാർ കാർഡ്, ബന്ധുവിന്റെ ആധാർ കാർഡ്, വാർഡ് അംഗം, വാർഡ് കൗൺസിലർ, പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ ചെയർപേഴ്സൺ എന്നിവയിലൊരാളുടെ സാക്ഷ്യപത്രം, റേഷൻ കാർഡിന്റെ കോപ്പി എന്നിവ കരുതണമെന്ന് പഞ്ചായത്തധികൃതർ വ്യക്തമാക്കി.
നവീകരിച്ച ശ്മശാനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൾ അക്ബർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം. ദിവ്യ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അബ്ദുൾ ആരിഫ്, സവാദ് ഇബ്രാഹിം, ജിപ്സ ജോബിൻ, പഞ്ചായത്തംഗങ്ങളായ ജംഷിദ് ഒളകര, സരിത ചാമക്കാലായിൽ, മിനി കണ്ണങ്കര, അമീന ബാനു, സീനത്ത്, സി.കെ വിജീഷ് തുടങ്ങിയവർ സംബന്ധിച്ചു.